ന്യൂഡൽഹി: ഹിമചൽ പ്രദേശിലെ കോൺഗ്രസ് വിജയത്തിൽ നേതാക്കളോടും പാർട്ടി പ്രവർത്തകരോടും നന്ദി പറഞ്ഞ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. എല്ലാവരുടെയും പ്രവർത്തനം ഫലം കണ്ടുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഹിമാചലിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
‘ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇത് ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും അവരെ പുരോഗതിയിലേക്ക് നയിക്കുന്നതിനും വേണ്ടിയുള്ള വിജയമാണ്. കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും ആശംസകൾ. നിങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു”- പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ വിജയം സമ്മാനിച്ച ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കഴിയുന്നത്ര വേഗത്തിൽ നിറവേറ്റുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഹിമാചൽ പ്രദേശിൽ പ്രവർത്തിച്ച കോണ്ഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും രാഹുൽ നന്ദി അറിയിച്ചു.
കോണ്ഗ്രസിന്റെ വിജയത്തിന് ഗാന്ധി കുടുംബത്തിന് നന്ദി പറഞ്ഞ ഖാർഗെ ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പ് വിജയത്തിന് ഏറെ സഹായിച്ചുവെന്നും പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ അംഗീകരിക്കുന്നു. ജനാധിപത്യത്തിൽ ജയവും തോൽവിയും ശാശ്വതമല്ല. തോൽവിയുടെ പശ്ചാത്തലത്തിൽ കോണ്ഗ്രസ് ആത്മപരിശോധന നടത്തി ജനങ്ങൾക്കായി തുടർന്നും പോരാടുമെന്നും ഖാർഗെ പറഞ്ഞു.