ദില്ലി : ഗുജറാത്തിലെ ബിജെപിയുടെ കൂറ്റൻ ലീഡ് ഭരണാനുകൂല വികാരമെന്നും ജനങ്ങൾക്ക് ബിജെപിയിൽ അടിയുറച്ച വിശ്വാസമെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. ഗുജറാത്ത് മോഡൽ 2001 മുതൽ തന്നെ ആളുകൾ സ്വീകരിച്ചതാണെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രാൽഹാദ് ജോഷിയും പ്രതികരിച്ചു. ഗുജറാത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മികച്ച വിജയം കൈവരിച്ച ടീം ഗുജറാത്തിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. വൈകീട്ട് ആറ് മണിക്ക് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് അഭിസംബോധന ചെയ്യും എന്നാണ് വിവരം.
താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തിൽ ചരിത്രത്തിലെ മികച്ച പ്രകടനവുമായാണ് ബിജെപി തുടർച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചിരിക്കുന്നത്.