കൽപ്പറ്റ: മേപ്പാടി പോളിടെക്നിക്കിൽ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ടു അഞ്ച് വിദ്യാർഥികളെ പുറത്താക്കാൻ തീരുമാനം. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ (22) ആക്രമിച്ച കേസിലാണ് നടപടി. മൂന്നാം വർഷ വിദ്യാർഥികളായ അഭിനന്ദ്, അഭിനവ്, കിരൺരാജ്, അലൻ, ഷിബിലി എന്നിവർക്കെതിരെയാണ് നടപടി.
സർവകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്. പ്രതികളായ വിദ്യാർഥികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. ആക്രമണത്തിൽ അപർണ ഗൗരിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.
കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിത നേതാവിനെ ക്രൂരമായി ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ പരാതി. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണ ഗൗരി ചികിത്സയിൽ തുടരുകയാണ്. ഈ കേസില്‍ അഭിനവ് ഉള്‍പ്പെട നാല്പതോളം പേര്‍ക്കെതിരെ മേപ്പാടി പൊലീസ് കേസ്സെടുത്തിട്ടുണ്ട്.
















