ഹൈദരാബാദ്: ശ്രദ്ധ മോഡല്‍ കൊലപാതകം വിശാഖപട്ടണത്തും. വിശാഖപട്ടണത്തെ മദുരാവധയില്‍ പൂട്ടിക്കിടന്ന വീടിനുള്ളിലാണ് സ്ത്രീയുടെ ശരീരം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇതിന് ഒരു വര്‍ഷത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം, വാടകയ്ക്ക് നല്‍കിയിരുന്ന വീട് ഉടമസ്ഥന്‍ തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. 2021 ജൂണില്‍ വാടക തന്നു തീര്‍ക്കാതെ താമസക്കാരന്‍ വീട് ഒഴിഞ്ഞു പോകുകയായിരുന്നുവെന്ന് ഉടമസ്ഥന്‍ പറഞ്ഞു.
ഭാര്യയുടെ പ്രസവം കാരണമായി പറഞ്ഞാണ് താമസക്കാരന്‍ വീട് ഒഴിഞ്ഞത്. ഒരു വര്‍ഷം കാത്തിരുന്നിട്ടും കുടിശ്ശിക തന്നുതീര്‍ക്കാതെ വന്നതോടെ വീട്ടുടമ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറുകയായിരുന്നു. വീട്ടിലെ താമസക്കാരന്റെ സാധനങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീട്ടുടമ എത്തിയത്. ഇതിനിടെയാണ് മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ വീപ്പയ്ക്കുള്ളില്‍ കണ്ടത്. അതേസമയം, ഒരു വര്‍ഷം മുന്‍പാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. മരിച്ച സ്ത്രീ വാടകക്കാരന്റെ ഭാര്യ തന്നെയായിരിക്കാം എന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടുടമയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.