ചെന്നൈ: സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ എല്ലാ ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും ഇനി വീട്ടിലിരുന്ന് ജോലി ചെയ്യാം. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിത്തോടനുബന്ധിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
ഇതോടെ മുഖ്യമന്ത്രിയുടെ ‘നാന്‍ മുതല്‍വന്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ലാപ്ടോപ്പുകളും സോഫ്റ്റുവയറുകളും മറ്റു സംവിധാനങ്ങളും നല്‍കും. ഇതിനായുള്ള നടപടികള്‍ തമിഴ്നാട് സ്‌കില്‍ ഡെവല്പ്മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചു.
അതേസമയം, ഭിന്നശേഷിക്കാരായ ജീവനക്കാര്‍ യാത്രാ ക്ലേഷം അടക്കം നിരവധി പ്രശ്‌നങ്ങളാണ് ദിനംപ്രതി നേരിടുന്നതെന്നും തമിഴ്‌നാടിനെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് പുതിയ നടപടിയെന്നും സ്റ്റാലിന്‍ അറിയിച്ചു.
















