തിരുവനന്തപുരം: വിഴിഞ്ഞത്ത് സുരക്ഷക്കായി കേന്ദ്ര സേന വരുന്നതിനെ സ്വാഗതം ചെയ്ത് സിപിഎം. നേരത്തെ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതോടെ വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി.
വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നുവെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാനത്തിൽ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അതിനാൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
കോടതിയുത്തരവുണ്ടായിട്ടും വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം നൽകുന്നത് തങ്ങൾക്കല്ലെന്നും പ്രതിഷേധക്കാർക്കാണെന്നും അദാനി പോർട്ട്സ് കോടതിയിൽ വാദിച്ചു. പൊലീസ് സംരക്ഷണമൊരുക്കണമെന്ന കോടതിയുത്തരവിന്റെ ലംഘനമാണിതെന്നും അദാനി ഗ്രൂപ്പ് നിലപാടെടുത്തു.
ഇതോടെ വിഴിഞ്ഞത്ത് പ്രശ്നമുണ്ടാക്കിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു. മറുപടി നൽകിയ സർക്കാർ, വിഴിഞ്ഞത്ത് സംഘർഷം ഒഴിവാക്കാൻ വെടിവെപ്പ് ഒഴികെ എല്ലാ നടപടികളും സ്വീകരിച്ചെന്ന് കോടതിയെ അറിയിച്ചു. ബിഷപ്പ് അടക്കമുള്ള വൈദികരെയും പ്രതിയാക്കി കേസെടുത്തു. 5 പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിന്റെ അന്വേഷണ ചുമതല ആർ നിശാന്തിനിക്ക് നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
എനാല്‍, കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും കണ്ണുരുട്ടി പേടിപ്പിക്കാനാണ് ശ്രമമെന്നും ലത്തീൻ അതിരൂപത വിമർശിച്ചു.