ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ പുതുതായി വാദംകേട്ട് തീരുമാനമെടുക്കാനും ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസ് എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുക്കും വരെ പ്രതികളെ അഞ്ചാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
‘ഈ അപ്പീലുകളെല്ലാം അനുവദനീയമാണ്. ഹൈക്കോടതി പാസാക്കിയ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവുകള്‍ റദ്ദാക്കുകയും പുനഃപരിശോധനയ്ക്ക് വിടുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളും ഹൈക്കോടതിയുടെ സ്വന്തം മെറിറ്റില്‍ വീണ്ടും തീരുമാനിക്കാന്‍ തിരിച്ചയക്കുന്നു. ഈ കോടതി രണ്ട് കക്ഷികളുടെയും മെറിറ്റുകളില്‍ ഒന്നും നിരീക്ഷിച്ചിട്ടില്ല.’എന്നും സുപ്രീംകോടതി പറഞ്ഞു.
കേരള മുന്‍ ഡിജിപി സിബി മാത്യൂസ്, ഗുജറാത്ത് മുന്‍ എഡിജിപി ആര്‍ബി ശ്രീകുമാര്‍ എന്നിവരും മറ്റ് മൂന്ന് പേരും കേസിലെ പ്രതികളാണ്. 1994-ല്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.