തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സംഘര്‍ഷവും, വിവാദമാകുന്ന പരാമര്‍ശങ്ങളും ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ല എന്ന വിമര്‍ശനവും ശക്തമാണ്. സമരത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് നേരത്തേ സി പിഎം തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം, വിഴിഞ്ഞം സംഘര്‍ഷങ്ങളെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
പൊലീസ് സ്റ്റേഷന്‍ ആക്രമണടക്കം നടന്നതിന് പിന്നാലെ സ്വീകരിച്ച നിയമനടപടികള്‍ സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും. അതേസമയം, കലാപമുണ്ടാക്കിയത് പൊലീസ് ആണെന്നാണ് സമരക്കാരല്ല മറിച്ച് പൊലീസാണെന്ന് വാദിക്കാനുള്ള തയ്യാറെടുപ്പിലാണ് സമരസമിതി.
















