കൊച്ചി: വിഴിഞ്ഞം സംഘര്‍ഷങ്ങളെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
പൊലീസ് സ്റ്റേഷന്‍ ആക്രമണടക്കം നടന്നതിന് പിന്നാലെ സ്വീകരിച്ച നിയമനടപടികള്‍ സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും. അതേസമയം, കലാപമുണ്ടാക്കിയത് പൊലീസാണെന്ന് വാദിക്കാനുള്ള തയ്യാറെടുപ്പിലാണ് സമരസമിതി.
കഴിഞ്ഞദിവസം വിഴിഞ്ഞം ആക്രമണങ്ങളില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് റിട്ടയഡ് ഡിവൈഎസ്പി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആക്രമണത്തില്‍ ഗൂഢാലോചന ഉള്‍പ്പടെ പുറത്ത് കൊണ്ടു വരണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്. സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയോ, കേന്ദ്ര സേനയുടേയോ സഹായം തേടാന്‍ കോടതി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
















