ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. പ്രകൃതി സംരക്ഷണ വിഷയം ഉയര്‍ത്തിയാലുടന്‍ വികസന പ്രവര്‍ത്തനം തടയാനാകില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
വികസനം പ്രധാനപ്പെട്ടതാണ് എന്നതുപോലെ പ്രകൃതി സംരക്ഷണവും പരിപാലനവും മുഖ്യമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. പ്രകൃതിയെ സംരക്ഷിക്കുകയെന്നാല്‍ വികസനം ഉപേക്ഷിക്കുകയെന്നല്ല അര്‍ത്ഥമെന്നും കോടതി പറഞ്ഞു.
ജയ്പുരില്‍ നിന്നുള്ള ഒരു കേസ് പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.
ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കുന്ന വിധി നടപ്പിലാക്കുമ്പോള്‍ ഓരോ പ്രദേശത്തേയും യഥാര്‍ത്ഥ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. എന്നാല്‍ അതിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ണമായി നിര്‍ത്തിവയ്ക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു.
















