ന്യൂഡൽഹി: മദ്യം, മയക്കുമരുന്ന്, ആയുധം, ഗുണ്ടാസംഘം, തോക്ക് സംസ്കാരം എന്നിവയെ മഹത്വവൽക്കരിക്കുന്ന പാട്ടുകൾ പ്രക്ഷേപണം ചെയ്യരുതെന്ന് എഫ്എം റേഡിയോ ചാനലുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. നിർദേശം ലംഘിച്ചാൽ ഉചിതമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു.
ഇവ കൂടാതെ അക്രമത്തേയും കൊള്ളയേയും കുറ്റകൃത്യങ്ങളേയും തോക്ക്, ഗ്യാങ്സ്റ്റര്‍ സംസ്കാരത്തേയും മഹത്വവത്ക്കരിക്കുന്ന പാട്ടുകളും ഉള്ളടക്കവും അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അത്തരം ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് എയർ പ്രോഗ്രാം കോഡിന്റെ ലംഘനമാണെന്നും അനുമതി താൽക്കാലികമായി നിഷേധിക്കുന്നതിനും ചാനൽ നിരോധിക്കുന്നതിനും കാരണമായേക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ഗ്രാന്റ് ഓഫ് പെര്മിഷന് എഗ്രിമെന്റ് ( GOPA), മൈഗ്രേഷന്‍ ഗ്രാന്റ് ഓഫ് പെര്മിഷന് എഗ്രിമെന്റ് ( MGOPA) എന്നിവയില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. മദ്യത്തേയും മയക്കുമരുന്നുകളേയും മറ്റും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ചില റേഡിയോ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രാലയത്തിന്റെ കര്‍ശന മുന്നറിയിപ്പ്.
മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ ലംഘിക്കുന്ന ചാനലുകള്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മയക്കുമരുന്നുകളെ മഹത്വവത്ക്കരിക്കുന്ന ഗാനങ്ങളും പരിപാടികളും കുട്ടികളേയും യുവാക്കളേയും സാരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍.
















