തിരുവനന്തപുരം: വേണ്ടി വന്നാൽ സംസ്ഥാനത്ത് ഒരു വിമോചനസമരം കോൺഗ്രസ് നടത്തുമെന്നും മത്സ്യത്തൊഴിലാളികളുടെ കൂടെ കോൺഗ്രസ് നിൽക്കുമെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പൊലീസ് ആക്രമിച്ചപ്പോഴാണ് തിരിച്ച് അക്രമം ഉണ്ടായതെന്നാണ് സുധാകരൻ പറയുന്നത്. അടിച്ചാൽ തിരിച്ചടി കിട്ടും. വിമോചന സമരം ഓർമ്മിക്കണം. ഇനിയൊരു വിമോചന സമരം വേണമോയെന്ന് സി.പി.ഐ.എം ചിന്തിക്കണം. ഇങ്ങനെ പോയാൽ പുതിയ വിമോചന സമരം ഉണ്ടാകുമെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി. അഴിമതിയുടെ മുഖമായി പിണറായിയുടെ സർക്കാർ മാറിയെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണ് കോൺഗ്രസ് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തു പറഞ്ഞാലും ആക്രമണത്തിലേക്ക് പോകണമെന്ന് വൈദിക സമൂഹം പറയുമെന്ന് ലോകത്തുള്ള ആരും പറയില്ലെന്നും ആക്രമണത്തിലേക്ക് പോകാൻ തൊഴിലാളികളെ പ്രേരിപ്പിച്ചത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ്പിന്റെ പേരിലെടുത്തത് കള്ളക്കേസാണെന്നും ചൂണ്ടിക്കാട്ടി.
വിഴിഞ്ഞത്ത് പദ്ധതിയുമായി സർക്കാറിന് മുന്നോട്ട് പോകാം. പക്ഷേ തൊഴിലാളികളെ പുനരധിവസിപ്പിച്ച ശേഷം മാത്രമേ പദ്ധതി തുടങ്ങാവൂവെന്നും പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ നീതിയും ന്യായവുമില്ലെന്നും ഉത്തരവ് നടപ്പിലാക്കാൻ ഭരണകൂടവും ഇല്ലെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
















