കോഴിക്കോട്: കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻപി) തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു. കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്നു ബാങ്ക് മാനേജര്‍ തട്ടിയത് എട്ട് കോടിയിലേറെ രൂപയെന്ന് റിപ്പോർട്ട്. പഞ്ചാവ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജിൽ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യഘട്ടത്തിൽ കണ്ടെത്തൽ.
പിന്നീടാണ് കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. ഏറ്റവും ഒടുവിൽ പൊലീസിൽ കോർപ്പറേഷൻ നൽകിയ പരാതിയനുസരിച്ച് എട്ട് കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് വിവരം. ലിങ്ക് റോഡിലെ ശാഖയിലെ കുടുംബശ്രീയുടെ അടക്കം പണം ഇത്തരത്തിൽ സ്വന്തം ബന്ധുക്കളുടെ അക്കൌണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. വർഷങ്ങളായി നടക്കുന്ന വലിയ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ മാനേജർ രണ്ട് കോടിയിലേറെ രൂപ തട്ടിയതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ കോര്പറേഷന് ബാങ്കിനെ സമീപിച്ചപ്പോള്‍, പണമില്ലെന്നു കണ്ടെത്തിയത്.
ബാങ്കിൽ കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ചെന്നൈയിൽനിന്നുള്ള ഓഡിറ്റിംഗ് സംഘം കോഴിക്കോട്ട് പിഎൻബിയിൽ എത്തിയിട്ടുണ്ട്.
കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. തട്ടിപ്പുനടത്തിയ മാനേജര്‍ എം.പി. റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്പെൻഡ് ചെയ്തു. ഇയാൾ ഒളിവിലാണ്. സംഭവത്തിൽ റിജിലിനെതിരേ ഐപിസി 1860-ലെ 409, 420 വകുപ്പ് പ്രകാരം ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ ബാങ്ക് മാനേജർ സി.ആർ. വിഷ്ണുവാണു പരാതി നൽകിയത്.
ഒക്ടോബർ പത്ത് മുതൽ നവംബർ 11 വരെ യുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. കോര്‍പറേഷനു പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണുള്ളത്. ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍നിന്നാണു പണം തിരിമറി നടത്തിയത്.
















