കണ്ണൂർ: നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ കേരള സർക്കാരിനെ വലിച്ച് താഴെയിടാൻ മോദി സർക്കാറിന് അഞ്ച് മിനിറ്റ് സമയം വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആരിഫ് മുഹമ്മദ് ഖാൻ, മൻമോഹൻ സിംഗ് അയച്ച ഗവർണറല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച ഗവർണറാണ്. 9 വി സിമാർക്കും ഇറങ്ങി പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ ആക്രമിച്ച് പരാജയപ്പെടുത്താൻ ശ്രമിച്ചവർ കേരളത്തിലുണ്ട്. കേരളത്തിൽ സിപിഎം സ്വന്തക്കാരെ തിരുകിക്കയറ്റുന്നു. സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. പിണറായി വിജയന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ പതനത്തിന്റെ തുടക്കം സർവകലാശാലകളിലൂടെ തുടങ്ങിയിരിക്കുകയാണ്.
കേരളത്തിലെ നിയമവാഴ്ച അംഗീകരിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. പിണറായി വിജയനും കേരളത്തിൽ പരാജയപ്പെടേണ്ടി വരും. തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടും. നിയമം എല്ലാവർക്കും ബാധകമാണ്. എൻജിഒ യൂണിയൻകാർ ആണെന്ന് കരുതി പാർട്ടി പരിപാടികളിൽ പങ്കെടുക്കാനാവില്ല. അത്തരക്കാരെ അവിടെ നിന്ന് പടിയടച്ച് പിണ്ഡം വെക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ഗവർണർക്കെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ഹർജി ഫയലിൽ പോലും സ്വീകരിക്കാതെയാണ് തള്ളിയത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ചായിരുന്നു ഹർജി. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം, സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണം എന്നീ കാര്യങ്ങൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ബില്ലുകൾ പിടിച്ചു വയ്ക്കാനുള്ള ഗവർണ്ണറുടെ അധികാരം ഉൾക്കൊള്ളുന്ന ഭരണഘടനാ അനുച്ഛേദം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
















