തിരുവനന്തപുരം: ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാനെതിരെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവന്‍ പറഞ്ഞുകഴിഞ്ഞതിനു ശേഷം മാപ്പുപറഞ്ഞിട്ട് കാര്യമില്ലെന്ന്‍ മന്ത്രി പറഞ്ഞു. സംഘപരിവാറിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഉദ്ദേശിച്ചതുപോലെ ഒരു ആശയപരിസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാ. തിയോഡേഷ്യസ് അത് പറഞ്ഞിരിക്കുന്നതെന്നും അതിനുശേഷം മാപ്പുപറയുന്നതില്‍ എന്തര്‍ഥമാണുള്ളതെന്നും മന്ത്രി പറഞ്ഞു. കൊറോണവൈറസ് ബാധിച്ച ഒരാള്‍ പ്രോട്ടോക്കോള്‍ പ്രകാരം സമൂഹത്തിലിറങ്ങാന്‍ പാടില്ല. സമൂഹത്തിലിറങ്ങി അത് മറ്റുള്ളവര്‍ക്കുകൂടി പരത്തിയ ശേഷം സോറി പറഞ്ഞതുകൊണ്ട് കാര്യമില്ല. വളരെ ബോധപൂര്‍വമാണ് ഇത് പറഞ്ഞതെന്നും മുസ്ലിം നാമധാരികളെ ഒറ്റതിരിഞ്ഞ് മുസ്ലിം സമം തീവ്രവാദം എന്നുള്ള ആശയപ്രചരണം നടത്തുന്നത് രാജ്യത്ത് സംഘപരിവാറാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മന്ത്രി വി. അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമർശം നടത്തിയ കേസിൽ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. മന്ത്രിക്കെതിരായ പരാമർശം മുസ്‌ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ലഹളയും കലാപവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും ആളുകളെ പ്രകോപിപ്പിച്ച് സമാധാന ലംഘനം നടത്തി മതസൗഹാർദം തകർക്കാനാണ് ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറഞ്ഞു. വിദ്വേഷപ്രസംഗത്തിനാണ് ഫാദറിനെതിരെ കേസെടുത്തിരിക്കുന്നത്.
വിവാദ പരമാർശത്തിൽ ലത്തീൻ സഭയും ഫാദർ തിയോഡേഷ്യസ് ഡിക്രൂസും ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നാവിൽ എല്ലില്ലെന്ന് കരുതി എന്തും പറയരുതെന്നും തിയോഡേഷ്യസിൻറെ മാപ്പ് സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. നാടിന്റെ വികസനത്തെ തടസപ്പെടുത്തുന്നത് ദേശദ്രോഹമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.
















