വിഴിഞ്ഞം സംഘര്‍ഷത്തില്‍, സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി എഫ്‌ഐആര്‍. കലാപത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും ഫാ. തിയോഡേഷ്യസ് ശ്രമിച്ചെന്നാണ് വിഴിഞ്ഞം പോലീസ് എടുത്ത കേസിലെ എഫ്.ഐ.ആറില്‍ പറയുന്നത്. മന്ത്രി വി.അബ്ദുറഹിമാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.
തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.വി.അബ്ദുറഹിമാനെതിരായ പരാമര്‍ശം വിവാദമായതിനു പിന്നാലെ ഫാ. തിയോഡേഷ്യസ് അതു പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്. ഐഎഎന്‍എല്ലിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
മന്ത്രിമാരായ വി.അബ്ദുറഹ്‌മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നല്‍കിയത്.
















