മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ എന്‍.ഡി.ടി.വിയില്‍ നിന്ന് രാജിവെച്ചു. എന്‍.ഡി.ടി.വി.യുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആറിന്റെ (രാധികാ റോയ് പ്രണോയ് റോയ് ഹോള്‍ഡിങ് ലിമിറ്റഡ്) ഓഹരികള്‍ വി.സി.പി.എലിനു കൈമാറിയതിനുപിന്നാലെ പ്രണോയ് റോയിയും രാധികാ റോയിയും എന്‍.ഡി.ടി.വി.യിലെ ബോര്‍ഡ് അംഗത്വം രാജിവെച്ചിരുന്നു.
പുതിയ ഉടമകളായ അദാനിഗ്രൂപ്പിന്റെ പ്രതിനിധികളായി മൂന്ന് ഡയറക്ടര്‍മാര്‍ ബോര്‍ഡിലെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് എന്‍.ഡി.ടി.വിയുടെ ഹിന്ദി പതിപ്പിന്റെ മുഖമായിരുന്ന രവീഷ് കുമാര്‍ രാജിവെച്ചത്.
കമ്പനി ജീവനക്കാർക്കുള്ള ഇ-മെയിൽ സന്ദേശത്തിലൂടെ എൻ.ഡി.ടി.വി മാനേജ്‌മെന്റാണ് മഗ്‌സസെ ജേതാവ് കൂടിയായ രവീഷിന്റെ രാജിവിവരം വെളിപ്പെടുത്തിയത്. രവീഷിനെപ്പോലെ സ്വാധീനമുണ്ടാക്കിയ വളരെ കുറച്ചു മാധ്യമപ്രവർത്തകരേയുള്ളൂവെന്ന് എൻ.ഡി.ടി.വി ഗ്രൂപ്പ് പ്രസിഡന്റ് സുപർണ സിങ് പറഞ്ഞു. പുതിയ ദൗത്യത്തിലും അദ്ദേഹത്തിനു വൻ വിജയമാകാനാകുമെന്നു നമുക്കുറപ്പുണ്ടെന്നും അവർ പറഞ്ഞു.
എൻ.ഡി.ടി.വിയുടെ പ്രൈം ടൈം ചർച്ച നയിച്ചിരുന്ന രവീഷ് ഹം ലോഗ്, രവീഷ് കി റിപ്പോർട്ട്, ദേശ് കി ബാത് തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. 2019ലാണ് രവീഷ് കുമാറിന് രമൺ മഗ്‌സസെ പുരസ്‌കാരം ലഭിക്കുന്നത്. രണ്ടുതവണ രാംനാഥ് ഗോയങ്കെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് 23ന് എൻ.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതോടെയാണ് ചാനലിൽ പുതിയ നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. കമ്പനിയിലെ 26 ശതമാനം ഓഹരികൂടി സ്വന്തമാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
















