തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്.
മതവിദ്വേഷം വളത്താനുളള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. വർഗീയ അധിക്ഷേപത്തിൽ കേസെടുക്കണെന്നാവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാനകമ്മിറ്റി ഡിജിപിക്ക് ഇന്നലെ പരാതി നൽകിയിരുന്നു.
അതേസമയം വർഗീയ പരാമർശത്തിൽ ഫാദർ തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചു. പരാമർശം വികാര വിക്ഷോഭത്തിൽ നാക്കുപിഴയായി സംഭവിച്ചതാണെന്ന് ഫാദർ തിയോഡേഷ്യസ് പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾ കൈകോർത്തു പ്രവർത്തിക്കേണ്ട ഈയവസരത്തിൽ തന്റെ പ്രസ്താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്ദുറഹ്മാനെതിരായ വിവാദ പരാമർശം നടത്തിയത്. പരാമർശം വിവാദമായതോടെ ലത്തീൻ രൂപതയും, ഫാ.തിയോഡേഷ്യസും മാപ്പ് പറഞ്ഞ് പ്രസ്താവനയിറക്കിയിരുന്നു. പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു.
സമുദായങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കിയത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് അറിയിച്ചു. പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും പരാമർശം പിന്‍വലിക്കുന്നുവെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നം അവസാനിപ്പിക്കണം എന്നും അതിരൂപത അഭ്യർത്ഥിച്ചു.
















