പാലക്കാട്: മണ്ണാർക്കാട് കച്ചേരിപ്പറമ്പിൽ കാളപ്പൂട്ട് മത്സരത്തിനിടെ കാട്ടാനയുടെ ആക്രമണം. ഓട്ടോറിക്ഷ ഡ്രൈവർ അഫ്‌സൽ, പരിപാടി കാണാനെത്തിയ ഹംസ എന്നിവർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. കാട് ഇറങ്ങിയ കാട്ടാനക്കൂട്ടം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. പരിക്കേറ്റവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് നാട്ടുകാരെ നടുക്കി കാട്ടാന ജനക്കൂട്ടത്തിന്റെ സമീപം എത്തിയത്. ഓട്ടോ ഡ്രൈവറായ അഫ്സലിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പിടിയാന ദേഹത്ത് സ്പർശിച്ചതോടെ ഹംസയും അഫ്‌സലും ഭയന്നോടി. ഓടുന്നതിനിടെ വീണാണ് ഇരുവർക്കും പരിക്കേറ്റത്. ഓടുന്നതിനിടെ വീണ ഹംസയെ ആന കുത്തിയെങ്കിലും കൊമ്പില്ലാത്തതിനാൽ കൊണ്ടില്ല. അവിടെ നിന്ന് ഉരുണ്ട് നീങ്ങി താഴ്ചയിലേക്ക് ചാടിയതോടെയാണ് ഹംസ രക്ഷപ്പെട്ടു.
നാട്ടുകാർ ശബ്ദം ഉണ്ടാക്കിയതോടെയാണ് ആനക്കൂട്ടം തിരികെ കാടുകയറിയത്. മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം പതിവാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സംഭവം അറിഞ്ഞ് വനംവകുപ്പ് അധികൃതർ സംഭവം അറിഞ്ഞ് ആശുപത്രിയിൽ എത്തി.
















