കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെമിനാറില്‍ വിഷപാമ്പുകളെ പ്രദര്‍ശിപ്പിച്ചതിന് വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്. ഡിഎഫ്ഒയുടെ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. വിഷപാമ്പുകളെ പ്രദര്‍ശിപ്പിക്കാന്‍ കേരളത്തില്‍ ആര്‍ക്കും ലൈസന്‍സില്ലെന്നും ജനവാസ മേഖലയില്‍ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ മാത്രമാണ് സുരേഷിന് അനുമതി ഉള്ളതെന്നും താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോള്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചാണ് വാവ സുരേഷ് ക്ലാസെടുത്തതെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു.
















