വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരിക്കുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് പോലീസ്. ഇതു സംബന്ധിച്ച് ഹിന്ദു ഐക്യവേദിക്ക് പോലീസ് നോട്ടീസ് നല്‍കി. വൈകിട്ട് നാല് മണിക്ക് മുക്കോലയ്ക്കലിലായിരുന്നു ഹിന്ദു ഐക്യവേദി ബഹുജന മാര്‍ച്ച് തീരുമാനിച്ചിരുന്നത്. വൈദികരുടെ നേതൃത്വത്തിലുള്ള വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെയാണ് മാര്‍ച്ച്. മാര്‍ച്ച് കാരണമുണ്ടാകുമെന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 600 ഓളം പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ പോലീസ് ഓഫീസറായി ചുമതലയേറ്റ ഡിഐജി ആര്‍.നിശാന്തിനി ഇന്ന് വിഴിഞ്ഞത്ത് എത്തും . കഴിഞ്ഞ ദിവസമാണ് മേഖലയില്‍ ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഡിഐജി ആര്‍.നിശാന്തിനിക്കാണ് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ചുമതല. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് മദ്യ നിരോധനവും പൊലീസിനുള്ള ജാഗ്രതാ നിര്‍ദ്ദേശവും തുടരുകയാണ്.
















