തിരുവനന്തപുരം: അമ്മയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് കൊന്ന കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യും. മരിച്ച വിദ്യയുടെ പങ്കാളിയായിരുന്ന മാഹീന്‍ കണ്ണിനെതിരെ കൊലക്കുറ്റവും മാഹീന്റെ ഭാര്യ റുഖിയയ്‌ക്കെതിരെ ഗൂഢാലോചനാ കുറ്റവുമാകും ചുമത്തുക. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും.
അതേസമയം, 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിന്‍കണ്ണിനൊപ്പം മലയിന്‍കീഴിനടുത്ത് വാടകവീട്ടില്‍ താമസം തുടങ്ങി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിന്‍കണ്ണ് ഒഴിഞ്ഞുമാറി. വിദ്യ ഗര്‍ഭിണിയായതോടെ മാഹിന്‍കണ്ണ് വിദേശത്തേക്ക് കടന്നു.
2009 മാര്‍ച്ച് 14 ന് വിദ്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഒന്നര വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിന്‍കണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തര്‍ക്കമായി. 2011 ആഗസ്ത് 18 ന് വൈകീട്ട് വിദ്യയെയും രണ്ടര വയസ്സുകാരിയായ ഗൗരിയെയും കൊണ്ട് മാഹിന്‍കണ്ണ് ബൈക്കോടിച്ചു പോയി. വിദ്യയുടെ അമ്മയും അച്ഛനും കാണാതായി നാലാം ദിവസം മാറനെല്ലൂര്‍ പൊലീസിലും പൂവാര്‍ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
പൂവാറില്‍ തന്നെയുണ്ടായിരുന്ന മാഹിന്‍ കണ്ണിനെ പൊലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിന്‍ കണ്ണ് പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിന്‍ കണ്ണിനെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിന്‍ കണ്ണ് വര്‍ഷങ്ങക്കിപ്പുറവും പൂവാറില്‍ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.
















