കോഴിക്കോട്: മന്ത്രി വി. അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമർശത്തിൽ സമരസമിതി ഖേദം പ്രകടിപ്പിച്ചു. തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചതിന് മറുപടിയായി നടത്തിയ പരാമർശം മാത്രമാണ്. അത് തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സമരസമിതി പ്രതിനിധിയായ ഫാദർ മൈക്കിൾ തോമസ് പറഞ്ഞു.
ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് ആണ് മന്ത്രി വി. അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമർശം നടത്തിയത്. അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നായിരുന്നു ഫാദർ ഡിക്രൂസിന്റെ പരാമർശം. അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ എം.എൽ.എ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. വിവാദ പരാമർശത്തിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് താനൂരിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം നടത്തി.
ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുക്കണമെന്ന് കെ ടി ജലീൽ ആവശ്യപ്പെട്ടു. കേരളത്തിൻ്റെ ചരിത്രത്തിൽ ഒരു മത പുരോഹിതനും സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെ പറയാൻ ധൈര്യപ്പെടാത്ത പരാമർശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായിൽ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുതെന്ന് കെ ടി ജലീൽ പറഞ്ഞു.
















