കോട്ടയം : യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെതിരെ നടപടി വേണമെന്നാവശ്യവുമായി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ. കോട്ടയം ജില്ലയിലെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ് ഷാഫി പറമ്പിലിന് പരാതി നൽകിയത്. തരൂർ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരി നടത്തിയ പ്രസ്താവന അച്ചടക്ക ലംഘനമെന്നാണ് ഇവരുടെ പരാതി.
തരൂരിനെതിരെയുളള നീക്കങ്ങളിൽ യൂത്ത് കോൺഗ്രസിൽ ഭിന്നത തുടരുകയാണ്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് കാസർകോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച ചിന്തൻ ശിവിരിൽ തരൂർ വിഷയത്തിൽ വിമർശനം ഉയർന്നു. യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് ശശി തരൂർ എം പിയെ വിലക്കിയതാരാണെന്ന് ജില്ലാ കമ്മിറ്റിയിൽ ചോദ്യമുയർന്നു. തരൂരിനെ വിലക്കാൻ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ചിലർ ആവശ്യപ്പെട്ടു. ശശി തരൂരിനെതിരെ മുതിർന്ന നേതാക്കളടക്കം കാണിക്കുന്ന അസഹിഷ്ണുത ശരിയല്ലെന്നും വലിയ തിരിച്ചടി ഉണ്ടാകുമെന്നും വിമർശനമുണ്ടായി.
















