വിഴിഞ്ഞം തുറമുഖ സമരം സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയ ക്രമസമാധാന സംരക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിഐജി ആര്‍.നിശാന്തിനിയെയാണ് സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി നിയമിച്ചിരിക്കുന്നത്. ഡിഐജിക്ക് കീഴില്‍ നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്ന പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും. ഡിസിപി അജിത്കുമാര്‍, കെ.ഇ. ബൈജു, മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്. ക്യാമ്പുകളില്‍ നിന്നുള്ള പൊലീസുകാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും.
ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ് വിഴിഞ്ഞത്തിന് മാത്രമായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിക്കാന്‍ തീരുമാനമായത്.
















