അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി-സീവോട്ടര്‍ സര്‍വ്വേ. ആകെയുള്ള 182 അംഗ നിയമസഭയില്‍ 134-142 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നും സര്‍വ്വേ പറയുന്നു. ആറ് തവണ ഗുജറാത്ത് ഭരിച്ച ബിജെപി ഏഴാം തവണയായിരിക്കും തുടര്‍ഭരണം നേടുക.
അതേസമയം കോൺഗ്രസിന് വൻതിരിച്ചടിയുണ്ടാകും. എഎപി കോൺഗ്രസിന്റെ വോട്ടുകൾ പിടിച്ചെടുക്കും. കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണ് പ്രധാന എതിരാളികൾ. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസിന് 77 സീറ്റും ലഭിച്ചു. പുതിയ സർവേ പ്രകാരം ഇത്തവണ കോൺഗ്രസ് 28-36 സീറ്റുകളിലൊതുങ്ങും.
വലിയ പ്രതീക്ഷയോടെ എത്തിയ ആം ആദ്മി പാര്‍ട്ടിക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയില്ല. ഗുജറാത്തില്‍ അക്കൗണ്ട് തുറക്കുന്ന ആം ആദ്മി 7 മുതല്‍ 15 വരെ സീറ്റുകള്‍ നേടിയേക്കാം. എങ്കിലും കോണ്‍ഗ്രസിന്‍റെ വോട്ടുബാങ്കില്‍ ആം ആദ്മി പാര്‍ട്ടി വിള്ളല്‍ വീഴ്ത്തും.
45.9 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കു. 2017ൽ ലഭിച്ചതിനേക്കാൾ 3.2 ശതമാനം കുറവ് വോട്ടേ ലഭിക്കൂ. എന്നാൽ സീറ്റ് വർധിക്കും. 26.9 ശതമാനം വോട്ട് വിഹിതം മാത്രമേ കോൺഗ്രസിന് ലഭിക്കൂ. വോട്ടുവിഹിതത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 14 ശതമാനം കുറവ് കുറയും. ആം ആദ്മി പാർട്ടിക്ക് (എഎപി) ആകെ പോൾ ചെയ്ത വോട്ടിന്റെ 21.2 ശതമാനം നേടാനാകുമെന്ന് സർവേ പറയുന്നു.
മധ്യഗുജറാത്തിൽ ബിജെപി 45-49 സീറ്റുകൾ നേടുമ്പോൾ കോൺഗ്രസിന് 10-14 സീറ്റുകൾ വരെ ലഭിക്കൂ. 32 മണ്ഡലങ്ങൾ ഉൾപ്പെടുന്ന വടക്കൻ ഗുജറാത്തിൽ ബിജെപിക്ക് 20-24 സീറ്റുകളും കോൺഗ്രസിന് 8-12 സീറ്റുകളും ലഭിക്കും.
തെക്കൻ ഗുജറാത്തിലാണ് ബിജെപിക്ക് കൂടുതൽ ആധിപത്യം പ്രവചിക്കുന്നത്. 35 മണ്ഡലങ്ങളിൽ 27-31 സീറ്റുകളിൽ ബിജെപി വിജയിക്കും. കോൺഗ്രസിന് 2-6 സീറ്റുകൾ മാത്രമേ ലഭിക്കൂ. 54 സീറ്റുകളുള്ള കച്ച്-സൗരാഷ്ട്ര മേഖലയിൽ ബിജെപി 38-42 സീറ്റുകൾ നേടും. അതേസമയം, കോൺഗ്രസിന് 4-8 സീറ്റുകൾ മാത്രമേ ലഭിക്കൂ. ഈ മേഖലയിൽലാണ് എഎപിക്ക് 7-9 സീറ്റുകളാണ് സർവേ പറയുന്നത്.
അതേസമയം, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 28 ശതമാനവും കോടിപതികള്‍. ആകെയുള്ള 1621 സ്ഥാനാര്‍ഥികളില്‍ 456 പേരാണ് ഒരു കോടിക്ക് മുകളില്‍ ആസ്തിയുള്ളതായി സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.
ഇതില്‍ ഏറ്റവും കൂടുതല്‍ കോടിപതികളായ സ്ഥാനാര്‍ഥികള്‍ ഉള്ള പാര്‍ട്ടി ബി.ജെ.പിയാണ്, 154 പേര്‍. കോണ്‍ഗ്രസിന്റെ 142 സ്ഥാനാര്‍ഥികളും ആം ആദ്മി പാര്‍ട്ടിയുടെ 62 പേരും കോടിപതികളാണ്. 2.56 കോടി രൂപയാണ് മത്സര രംഗത്തുള്ള സ്ഥനാര്‍ഥികളുടെ ശരാശരി ആസ്തിയെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാന്ധി നഗറിലെ മന്‍സ സീറ്റില്‍ നിന്ന് ജനവിധി തേടുന്ന ബി.ജെ.പിയുടെ ജയന്തി പട്ടേലാണ് ഏറ്റവും വലിയ സമ്പന്നന്‍. 661 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. സിധ്പുറില്‍ നിന്ന് മത്സരിക്കുന്ന ബി.ജെ.പിയുടെ തന്നെ ബല്‍വന്ത് രജ്പുതാണ് രണ്ടാമത്. 372 കോടി രൂപ അദ്ദേഹത്തിന് ആസ്തിയുണ്ട്. 342 കോടിയുടെ ആസ്തിയുള്ള ദഭോയ്‌യില്‍നിന്ന് മത്സരിക്കുന്ന എ.എ.പിയുടെ അജിത് സിന്‍ഹ് ഠാക്കോര്‍ മൂന്നാമത്തെ സമ്പന്നനാണ്.
അതേ സമയം ഒരു രൂപ പോലും ആസ്തിയില്ലാത്ത ആറ് സ്ഥാനാര്‍ഥികളും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. പതിനായരത്തില്‍ താഴെ ആസ്തിയുള്ള മറ്റൊരു ആറ് സ്ഥാനാര്‍ഥികളുമുണ്ട്. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ജയന്തി പട്ടേലിന് തന്നെയാണ് ഏറ്റവും കൂടുതല്‍ ബാധ്യതയുമുള്ളത്. 233 കോടിയുടെ ബാധ്യതയാണ് അദ്ദേഹത്തിനുള്ളത്.
42 സ്ഥാനാര്‍ഥികള്‍ തങ്ങള്‍ നിരക്ഷരരാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 85 സ്ഥാനാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. 997 സ്ഥാനാര്‍ഥികള്‍ അഞ്ചു മുതല്‍ 12-ാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. 449 പേര്‍ ബിരുദം നേടിയവരാണ്.
പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ 80-ന് മുകളില്‍ പ്രായമുള്ള രണ്ടു പേര്‍ മത്സര രംഗത്തുണ്ട്. 197 പേര്‍ 61-നും 80-നും ഇടയില്‍ പ്രായമുള്ളവരാണ്. 60-നും 41-നും ഇടയില്‍ പ്രായമുള്ള 861 സ്ഥാനാര്‍ഥികളുണ്ട്. 40-25 നും ഇടയില്‍ പ്രായമുള്ള 561 പേരും മത്സരിക്കുന്നു. ഡിസംബര്‍ 1,5 തിയതികളിലായിട്ടാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.
















