ന്യൂഡൽഹി: ശ്രദ്ധ വധക്കേസ് പ്രതി അഫ്താബ് പൂനാവാലയുമായി പോയ വാഹനത്തിനു നേരേ ആക്രമണം. ഡല്‍ഹി രോഹിണി ഫൊറന്‍സിക് ലാബിനു മുന്നിലാണ് ആക്രമണം. വാളുമായെത്തിയവരാണ് ആക്രമിച്ചത്. ഹിന്ദുസേന പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടവരാണ് ആക്രമിച്ചത്. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വെസ്റ്റ് ഡല്‍ഹിയിലെ രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി (എഫ്.എസ്.എല്‍.) യുടെ മുന്നില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. രണ്ടാമത്തെ പോളിഗ്രാഫ് പരിശോധനയ്ക്ക് എത്തിച്ച ശേഷം ഫോറന്‍സിക് ലാബോറട്ടറിയില്‍നിന്ന് അഫ്താബിനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ് വാന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. പൊലീസ് വാഹനത്തിനു പിന്നിലായി പാർക്ക് ചെയ്ത കാറിൽനിന്ന് വാളുമായി ആക്രമണത്തിന് ഇറങ്ങുകയായിരുന്നു അഞ്ചു പേർ. തുടർന്ന് പൊലീസും ആയുധങ്ങൾ പുറത്തെടുത്തു.
സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലീസിന് സാധിച്ചെന്നും അഫ്താബ് സുരക്ഷിതനാണെന്നുമാണ് വിവരം. അക്രമിസംഘത്തില്‍പ്പെട്ട ചിലര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. അക്രമിസംഘത്തെ പോലീസ് വാനിന്റെ പരിസരത്തുനിന്ന് അകറ്റാന്‍ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു.
ശ്രദ്ധ വോൾക്കറെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വലിച്ചെറിഞ്ഞ കേസിൽ അഫ്താബുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഇരുപതോളം ശരീരഭാഗങ്ങൾ കണ്ടെത്തിയതായാണു വിവരം. കേസിൽ ഇന്ന് നിർണായകമായ ഒരു തെളിവ് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. മൃതദേഹം വെട്ടാൻ അഫ്താബ് ഉപയോഗിച്ച ആയുധം കണ്ടെടുത്തതാണിത്. മൃതദേഹം വെട്ടാൻ ഒന്നിലധികം ആയുധങ്ങൾ ഉപയോഗിച്ചതായാണ് പോലീസിൻറെ നിഗമനം. അഫ്താബിൻറെ ഫ്ലാറ്റിൽ നിന്നും നേരത്തെയും ആയുധങ്ങൾ കണ്ടെത്തിയിരുന്നു. മൃതദേഹം വെട്ടുന്നതിന് മുൻപ് ശ്രദ്ധയുടെ മോതിരം അഫ്താബ് അഴിച്ചുമാറ്റി എന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം അഫ്താബ് ഇത് താനുമായി പ്രണയത്തിലായ മറ്റൊരു സ്ത്രീക്ക് നൽകിയെന്നും പൊലീസ് പറയുന്നു.
















