ശബരിമല തീർഥാടനം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി പിന്നിടുന്നു. മണ്ഡല കാലം തുടങ്ങി ആദ്യ 10 ദിവസത്തെ ശബരിമല വരുമാനം 52,55,56,840 രൂപയാണ്.അപ്പം അരവണ വിൽപ്പനയിലാണ് ഏറ്റവും കൂടുതൽ വരുമാനം. അപ്പം വിറ്റുവരവ് 2.58 കോടിയും അരവണയുടെ വരവ് 23.57 കോടിയുമാണ്. 12.73 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ ആകെ വരവ് 9.92 കോടിയായിരുന്നു. ദിവസം ശരാശരി രണ്ടരലക്ഷം ടിൻ അരവണ വിൽക്കുന്നുണ്ട്. 51 ലക്ഷം കണ്ടെയ്നർ സ്റ്റോക്കുണ്ട്.
ഇന്നുമുതൽ തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സ്പോട്ട് ബുക്കിങ് തുടങ്ങി. അരവണ ക്ഷാമം വരില്ലെന്നും കുടിവെള്ള വിതരണത്തിൽ അടക്കമുള്ള അപാകതകൾ പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മണ്ഡല കാല തീർഥാടനം ആരംഭിച്ച് 11 ദിവസം ആകുമ്പോൾ 6 ലക്ഷത്തോളം തീർഥാടകർ ശബരിമലയിൽ തീർഥാടനം നടത്തിയെന്നാണ് ഔദ്യോഗികമായ കണക്ക്.
















