പ്രസിഡന്റ് ഷി ജിൻപിംഗ് രാജിവെയ്ക്കണമെന്നും രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന കൊറോണ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ചൈനയിൽ പ്രതിഷേധം മൂന്നാം ദിവസവും ശക്തമാകുകയാണ്. ഷാങ്ഹായിൽ നൂറുകണക്കിന് പ്രകടനക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. വുഹാൻ, ചെങ്ഡു നഗരങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ചൈനയ്ക്ക് ചുറ്റുമുള്ള നിരവധി യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ വിദ്യാർത്ഥികൾ വാരാന്ത്യത്തിൽ പ്രകടനം നടത്താൻ ഒത്തുകൂടി.
ചൈനയുടെ പടിഞ്ഞാറൻ ഭാഗത്തുണ്ടായ മാരകമായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം നിരവധി നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.ഉറുംകി നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തവും മരണവും പ്രതിഷേധത്തിന് ആക്കം കൂട്ടി. പത്ത് പേരാണ് തീപിടുത്തത്തിൽ മരിച്ചത്. ചൈനയിലെ കർശനമായ ലോക്ഡൗൺ നിയന്ത്രണം രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്നാണ് ആരോപണം ഉയരുന്നത്.
















