മെസിയുടെ കളി നേരിൽ കാണാന്‍ നിബ്രാസ് ഖത്തറിലേക്ക് പറക്കും

 

കാസര്‍കോട് :ഫിഫ ലോകകപ്പില്‍ സൗദി അറേബ്യയോട് മത്‌സരിച്ച് അർജന്റീന പരാജയപ്പെട്ടപ്പോൾ കാസര്‍കോട് സ്വദേശിയായ നിബ്രാസ് എന്ന എട്ടാം ക്ലാസുകാരന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല’ എന്ന നിബ്രാസിന്‍റെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ പ്രചാരം നേടി. 

എന്നാൽ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ  തകര്‍ത്ത അര്‍ജന്‍റീനയുടെ  പ്രീ ക്വാര്‍ട്ടറിലെ  മത്സരം കാണാന്‍ ഖത്തറിലേക്ക് പറക്കുകയാണ്  നിബ്രാസ്. കുടുംബക്കാരെല്ലാം അർജന്റീന് ഫാൻസാണെന്ന് നിബ്രാസ് പറയുന്നു. ഉപ്പയും ഉപ്പയുടെ അനിയൻമാരുമാണ് കുഞ്ഞു നിബ്രാസിന് ഫുട്ബോളിന്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയത്. പ്രിയപ്പെട്ട ടീം അർജന്റീന ആണെങ്കിൽ പ്രിയതാരം മെസി ആയിരിക്കുമല്ലോ. നിബാസും കുടുംബവും മെസി ഫാൻസ് ആണ്.

ഗ്രൂപ്പ് സിയില്‍ നാല് പോയിന്‍റുള്ള പോളണ്ടിന് പിന്നില്‍ മൂന്ന് പോയിന്‍റുമായി രണ്ടാമതാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന. ഡിസംബര്‍ ഒന്നിന് പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തോടെ അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.പയ്യന്നൂരിലെ ഒരു ട്രാവൽ ഏജൻസിയാണ് നിബ്രാസിന് ഖത്തറിലേക്ക് പോകാനുള്ള സംവിധാനങ്ങൾ ഒരുക്കി നൽകുന്നത്. കാസർകോഡ് ജില്ലയിലെ ഉദിനൂർ ഹയർസെക്കണ്ടറി സ്കൂളിൽ എട്ടാ ക്ലാസ് വിദ്യാർത്ഥിയാണ് നിബ്രാസ്.