മാങ്ങാ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിനും കാരണം സ്വർണ നിധി തട്ടിപ്പ് എന്ന് വിവരം. കൊല്ലങ്കോട് മാങ്ങ വ്യാപാരിയായ കബീർ സ്വർണ നിധി തരാമെന്ന് പറഞ്ഞ് 38 ലക്ഷം രൂപ വാങ്ങിയിരുന്നതായി മധുര സ്വദേശികളായ പ്രതികൾ പറഞ്ഞു. മധുര സ്വദേശികളായ വിജയ്, ഗൗതം ,ശിവ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. സ്വർണ നിധിയും നൽകിയ പണവും കിട്ടാതായപ്പോൾ ഇവർ കേരളത്തിലെത്തി കബീറിനെ തട്ടികൊണ്ടു പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേയാണ് കബീറിനെ തട്ടിക്കൊണ്ടുപോയത്. പ്രതികളുടെ കാർ ബൈക്കിനെ പിറകിൽ നിന്ന് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാലിന് പരുക്കേറ്റ കബീറിനെ ആശുപത്രിയിലേക്ക് ഉടൻ കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. സുഹൃത്തിനെ വാഹനത്തിൽ കയറ്റാതെ കാറെടുത്ത് സംഘം വേഗത്തിൽ പോയി .
മീനാക്ഷിപുരം വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. സംശയം തോന്നി കാറിനെ പിന്തുടർന്ന സുഹൃത്ത് മീനാക്ഷിപുരം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് വഴിയിൽ വെച്ച് കാർ തടഞ്ഞ് കബീറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കബീർ ലക്ഷങ്ങൾ കൈക്കലാക്കിയ വിവരം പുറത്തുവന്നത് .