ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3,4 തീയതികളില്‍ നടത്താന്‍ തീരുമാനം.ഏകാദശി ഉത്സവ നടത്തിപ്പിന്റെ തീയതിയെ സംബന്ധിച്ച് ജ്യോതിഷികള്‍ക്കിടയിലും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പം നിലനിന്നിരുന്നു.ഇതിനൊടുവിലാണ്ഏകാദശി നടക്കുന്ന തീയതി ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചത്.
പ്രശസ്തജോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയാണ് ഡിസംബര്‍ 3 ഏകാദശിയായി ആഘോഷിക്കാനുള്ള ദേവസ്വം തീരുമാനത്തിനെതിരെ രംഗത്തുവന്നത്. ഗുരുവായൂരിലെ പഞ്ചാംഗം തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമാണ്. ഡിസംബര്‍ 4നാണ് ഏകാദശിയായി കാണിപ്പയ്യൂര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇതിന് വിഭിന്നമായി ഏകാദശി ദിവസം തെറ്റായി അച്ചടിച്ചെന്നാണ് കാണിപ്പയ്യൂര്‍ ആരോപിച്ചിരുന്നത്. കാണിപ്പയ്യൂര്‍ തര്‍ക്കം ഉന്നയിച്ച പശ്ചാത്തലത്തില്‍ ബുധനാഴ്ച പ്രമുഖ ജ്യോതിഷികളുടെ യോഗം ദേവസ്വം വിളിച്ചിരുന്നു.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് വ്യത്യസ്ത ദിവസങ്ങളിലായി ഏകാദശി വന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. 1992-93ല്‍ സമാനമായ സാഹചര്യം വന്നപ്പോള്‍ രണ്ടാം ദിവസം ഏകാദശി ദിവസമായി കണക്കാക്കി. അങ്ങനെയാണ് ഡിസംബര്‍ 3, 4 തീയതികള്‍ ഏകാദശി ദിനമായി ആചരിക്കാന്‍ യോഗം ഏകകണ്ഠമായി തീരുമാനിച്ചതെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.
















