തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. സമരക്കാര്‍ സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല.
മാരകായുധങ്ങളുമായി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. കസ്റ്റഡിയിലുള്ളവരെ വിട്ടുകിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി മുഴക്കി. അസഭ്യം പറഞ്ഞു. നാശനഷ്ടങ്ങള്‍ വരുത്തിയെന്നും എഫ്‌ഐആറിലുണ്ട്. അതേസമയം, വിഴിഞ്ഞം തീരപ്രദേശത്തും പൊലീസ് സ്റ്റേഷന്‍ പരിസരത്തും വന്‍ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമീപജില്ലയില്‍ നിന്നും പൊലീസിനെ എത്തിച്ചു. ഇതിനിടെ വള്ളങ്ങള്‍ നിരത്തി സമരക്കാര്‍ പലയിടത്തും വഴി തടഞ്ഞു.
















