ബെയ്ജിംഗ്: കടുത്ത കോവിഡ് നിയന്ത്രണങ്ങളിൽ ചൈനയിൽ പ്രതിഷേധം ശക്തം. പ്രസിഡന്റ് ഷി ജിൻപിംഗ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ. ഉറുംഖി തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടത്തിയ മാർച്ചിൽ ഷി ജിൻപിംഗ് രാജിവയ്ക്കണമെന്ന മുദ്രാവാക്യമുയർന്നു.
ഷി ജിൻ പിങ്ങ് രാജിവെക്കണം എന്നും കൊവിഡ് ലോക്ക്ഡൗൺ അവസാനിപ്പിക്കണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യതലസ്ഥാനമായ ഷാങ്ങ്ഹായിൽ നടന്ന പ്രതിഷേധത്തിൽ മെഴുകുതിരി കത്തിച്ചാണ് സമരക്കാർ പ്രസിഡൻ്റിനും കൊവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ രംഗത്തുവന്നത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ പ്രതിഷേധക്കാർ കമ്യൂണിസ്റ്റ് പാർട്ടി അധികാരം ഒഴിയാൻ ആവശ്യപ്പെടുന്നതായി കാണാം. ഷി ജിൻപിംഗ് പടിയിറങ്ങൂ, സിൻജിയാംഗിലെ ലോക്ക്ഡൗൺ അവസാനിപ്പിക്കൂ- എന്നിങ്ങനെ മുദ്രാവാക്യം മുഴക്കുന്നതും കാണാനാവും. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കോവിഡ് നിയന്ത്രണങ്ങളാണ് ഉറുംഖി തീപിടിത്തത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് പ്രതിഷേധക്കാർ ആകരോപിക്കുന്നു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തിയെന്നും കെട്ടിടം ഭാഗികമായി പൂട്ടിയതിനാൽ താമസക്കാർക്ക് യഥാസമയം രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
ഉറുംഖിയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ തീപിടുത്തമുണ്ടായി 10 പേർ മരിക്കുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു എന്ന് വിവിധ ദൃശ്യങ്ങൾ തെളിയിച്ചിരുന്നു. തീപിടിച്ച കെട്ടിടം ഭാഗിക ലോക്ക്ഡൗണിലായിരുന്നതിനാൽ ആളുകൾക്ക് വേഗം രക്ഷപ്പെടാൻ സാധിച്ചില്ല.
ഈയാഴ്ച ആദ്യം സെൻട്രൽ ചൈനയിലെ ഹൊനാൻ പ്രവിശ്യയിലെ വസ്ത്രനിർമാണശാലയിലുണ്ടായ തീപിടി ത്തത്തിൽ 38 പേർ മരിച്ചിരുന്നു.
















