തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസാണ് രണ്ടാം പ്രതി. ഇവരെ കൂടാതെ അമ്പതോളം വൈദികരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആര്‍. ലഭിച്ച പരാതിയ്ക്കു പുറമെ പൊലീസ് സ്വമേധാ കേസെടുത്തിട്ടുണ്ട്.
പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം തുടങ്ങി വകുപ്പുകളാണ് സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര അടക്കമുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സംഘം ചേര്‍ന്നതിനും പൊതുമുതല്‍ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്.
അതേസമയം, സമരം ശക്തമാക്കുമെന്ന് ലത്തീന്‍ കത്തോലിക്ക സഭ അതിരൂപത ഇടയലേഖനമിറക്കി. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണെന്നും മത്സ്യത്തൊഴിലാളി സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര പറഞ്ഞു.
















