തിരുവനനന്തപുരം: വിഴിഞ്ഞം തുറമുഖ പ്രദേശത്ത് ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമരസമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ.യൂജിന്‍ പെരേര അടക്കം വൈദികരും കേസില്‍ പ്രതികളാണ്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
തുറമുഖ അനുകൂല സമിതി പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചതിനാണ് കേസ്. തലക്കു പരിക്ക് പറ്റിയ വിനു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, വിഴിഞ്ഞം സമരം ശക്തമാക്കുമെന്ന് ലത്തീന്‍ കത്തോലിക്ക സഭ അതിരൂപത ഇടയലേഖനം. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണെന്നും മത്സ്യത്തൊഴിലാളി സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര പറഞ്ഞു.
അദാനി കമ്പനിക്ക് തുറമുഖ നിര്‍മ്മാണവുമായി മുന്നോട്ട് പോകാമെന്ന കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്കും. വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും യുജിന്‍ പെരേര ആരോപിച്ചു. അതേസമയം, പ്രദേശത്ത് സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കടുത്ത ജാഗ്രതയിലാണ് പൊലീസ്. കഴിഞ്ഞ ദിവസം സമരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍മുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പെരുമാതുറ മുതലപ്പൊഴിയില്‍ പോലീസ് സുരക്ഷ വീണ്ടും ഏര്‍പ്പെടുത്തി. പോലീസ് നടപടിയുടെ ഭാഗമായി മുതലപ്പൊഴിയിലെ അദാനി ഗ്രൂപ്പിന്റെ വാര്‍ഫ് സ്ഥിതിചെയ്യുന്ന മേഖലയിലും മറ്റുമാണ് പോലീസ് നിലയുറപ്പിച്ചിട്ടുള്ളത്. നെടുമങ്ങാട് ക്യാമ്പില്‍ നിന്നുമെത്തിയ സ്‌പെഷ്യല്‍ സ്‌ട്രൈക്കേഴ്‌സ് ബറ്റാലിയനാണ് ക്യാമ്പ് ചെയ്യുന്നത്.
















