ഇടുക്കി: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. കട്ടപ്പന നിര്‍മ്മല സിറ്റിയില്‍ ആണ് സംഭവം. നിര്‍മ്മല സിറ്റി സ്വദേശി രാജുവാണ് മരിച്ചത്. ഇതേ തുടര്‍ന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൗന്തി സ്വദേശി ഹരികുമാര്‍, വാഴവര സ്വദേശി ജോബി എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, വാഹനം അറ്റകുറ്റപ്പണി ചെയ്യുന്നതിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രാജുവിന്റെ മകന്‍ രാഹുല്‍ ഹരികുമാറിന്റെ ബൈക്ക് ഒരു യാത്രക്കായി വാങ്ങിയിരുന്നു. യാത്രക്കിടെ വാഹനത്തിന് പറ്റിയ കേടുപാടുകള്‍ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്ന് രാഹുലും അച്ഛന്‍ രാജുവും സമ്മതിച്ചു. എന്നാല്‍ പറഞ്ഞ സമയത്ത് വാഹനം അറ്റകുറ്റപ്പണി നടത്തി തിരികെ നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഹരികുമാറും ജോബിയും ഇവരുടെ വീട്ടിലെത്തിയത്. പിന്നീടുണ്ടായ വാക്ക് തര്‍ക്കത്തിനിടെ രാജുവിന് പരിക്കേറ്റു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പരിക്കേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
















