ചെന്നൈ: കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ വയോധികൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഡിഎംകെ പ്രവർത്തകൻ കൂടിയായ സേലം സ്വദേശി തങ്കവേൽ ആണ് ജീവനൊടുക്കിയത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഡിഎംകെയുടെ തലയൂർ ഓഫീസിന് പുറത്ത് തങ്കവേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഡിഎംകെ കർഷക സംഘത്തിന്റെ മുൻ നേതാവായിരുന്ന തങ്കവേൽ, ബാനറുമായാണ് പാർട്ടി ഓഫീസിലേക്ക് എത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. ഇയാളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് മേട്ടൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മേട്ടൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഹിന്ദി ഒഴിവാക്കൂ എന്ന് ബാനറിൽ എഴുതിയിരുന്നു. “മോദി സർക്കാർ, കേന്ദ്രസർക്കാർ, ഞങ്ങൾക്ക് ഹിന്ദി വേണ്ട. ഞങ്ങളുടെ മാതൃഭാഷ തമിഴും ഹിന്ദി കോമാളികളുടെ ഭാഷയുമാണ്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് വിദ്യാർഥികളെ ബാധിക്കും. ഹിന്ദി ഒഴിവാക്കൂ, ഹിന്ദി ഒഴിവാക്കൂ, ഹിന്ദി ഒഴിവാക്കൂ’ ബാനറിൽ തങ്കവേൽ എഴുതി.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ പാർട്ടി പ്രതിഷേധിക്കുമെന്ന് തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുടെ യുവജന വിഭാഗം സെക്രട്ടറിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിച്ചാൽ അതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഭാഷ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിക്കെതിരെ ഡിഎംകെ നേരത്തെയും പ്രതിഷേധിച്ചിരുന്നു.
















