തിരുവനന്തപുരം: പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ അസൗകര്യം ഉള്ളത് കൊണ്ടാണ് നേരിട്ടെത്താത്തതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കോൺക്ലേവിൽ ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ടുനിൽക്കാനായിരുന്നു മുൻ തീരുമാനം.
ശശി തരൂരും കെപിസിസി നേതൃത്വവും തമ്മിലെ ഭിന്നതക്കിടെ കെ സുധാകരൻ വിട്ടുനിൽക്കുന്നുവെന്ന വാർത്തകൾ ഓൺലൈൻ ആയി പങ്കെടുക്കുമെന്ന് ഒടുവിൽ അറിയിച്ചത്. തരൂരും സുധാകരനും ഒരുമിച്ച് വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി.
ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക.
കൊച്ചിയിൽ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ ശശി തരൂരും വി ഡി സതീശനും പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയിൽ എത്തില്ല. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂര്‍ പങ്കെടുക്കുക. വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിലാകും വി ഡി സതീശൻ പങ്കെടുക്കുക.
















