ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയുടെ മരണത്തിൽ അയൽവാസിയായ വെട്ടിയാങ്കൽ തോമസ് വർഗീസ്(സജി) ആണ് അറസ്റ്റിലായത്. കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
മോഷണശ്രമം തടഞ്ഞപ്പോൾ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി. ചിന്നമ്മയെ ജീവനോടെയാണ് പ്രതി കത്തിച്ചു കൊലപ്പെടുത്തിയത്.
ഇയാൾ വീട്ടിൽ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചിരുന്നു. കമ്പത്ത് നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്.
കുമ്പിടിയാമ്മാക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ ആന്റണി (66) യെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലണ്ടറില്‍ നിന്ന് തീ പടര്‍ന്നുണ്ടായ അപകടമെന്നായിരുന്നു പോലീസിൻ്റെ പ്രാഥമിക നിഗമനം. വീടിൻ്റെ പല ഭാഗങ്ങളിലും രക്തക്കറ കണ്ടതോടെ കൊലപാതമാണെന്ന് പോലീസ് ഉറപ്പിച്ചു.തുടരന്വേഷണത്തിൽ ചിന്നമ്മയുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായും പോലീസ് കണ്ടെത്തി.
കട്ടപ്പന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് അയൽവാസി കൂടിയായ പ്രതി പിടിയിലാകുന്നത്.മോഷണ ശ്രമം തടഞ്ഞ ചിന്നമ്മയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഗ്യാസ് തുറന്ന് വിട്ട് കത്തിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നല്കി.
കൊലപാതകത്തിന് ശേഷം പണയം വച്ച സ്വർണ്ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
















