കോഴിക്കോട്: കോഴിക്കോടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ വെടിവെപ്പ്. മധ്യപ്രദേശിലെ ജബല്‍പുര്‍-റീവ ദേശീയപാതയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി കോഴിക്കോടുനിന്ന് ബുധനാഴ്ച പുറപ്പെട്ട മലയാളികളുടെ ആംബുലന്‍സിനു നേരെയാണ് വെടിവെപ്പുണ്ടായത്.
ഇന്നലെ (26.11) രാവിലെ പതിനൊന്നേ കാലോടെ ദേശീയപാതയിൽ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ആക്രമണം. ആംബുലൻസിന്റെ മുന്നിലുള്ള ചില്ലു തകർന്നെങ്കിലും ഡ്രൈവർ നിർത്താതെ ഓടിച്ചു പോയി. ഇരുപതു കിലോമീറ്ററോളം പിന്നിട്ട് ജനവാസമുള്ള സ്ഥലത്തെത്തിയാണ് ആംബുലൻസ് നിർത്തിയത്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും സ്റ്റേഷൻ പരിധിയിലല്ലെന്ന കാരണത്താൽ കേസെടുക്കാൻ തയാറായില്ല.
കോഴിക്കോട് സ്വദേശികളായ ഫഹദ്, രാഹുല്‍ എന്നിവരാണ് ഡ്രൈവര്‍മാര്‍. ഇവരേക്കൂടാതെ ബിഹാര്‍ സ്വദേശികളായ രണ്ടുപേരും ആംബുലന്‍സിലുണ്ട്. ദേശീയപാതയുടെ ഒരുഭാഗത്തു നിന്ന് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതാണെന്നാണ് കരുതുന്നതെന്നാണ് ഡ്രൈവര്‍ ഫഹദ് പറയുന്നത്.
തകർന്ന ചില്ലുകൾ നീക്കം ചെയ്തെങ്കിലും പകരം വിൻഡ്ഷീൽഡ് ലഭിച്ചിട്ടില്ല. ആംബുലൻസിൽ വിൻഡ്ഷീൽഡ് ഇല്ലാതെ യാത്ര തുടരുകയാണു ഡ്രൈവർമാർ.
ലക്ഷ്യസ്ഥാനത്തെത്താന്‍ ഇനിയും 700 കിലോമീറ്ററോളം യാത്ര ബാക്കിയുണ്ട്.
















