കോഴിക്കോട്: കോണ്‍ഗ്രസില്‍ എല്ലാവരും തുല്ല്യരാണെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കാര്യമാക്കുന്നില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും തമ്മില്‍ അകല്‍ച്ചയിലാണെന്ന പ്രചാരണം തള്ളിയ ചെന്നിത്തല, എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ അവസരമുണ്ടെന്നും വിശദീകരിച്ചു.
അതേസമയം, പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ നാളെ നടക്കുന്ന കോണ്‍ക്ലേവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നത്. മറ്റ് ചില ആവശ്യങ്ങള്‍ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം.. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒന്‍പത് മുതല്‍ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക.
കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ ശശി തരൂരും വി ഡി സതീശനും പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയില്‍ എത്തില്ല. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂര്‍ പങ്കെടുക്കുക. വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാകും വി ഡി സതീശന്‍ പങ്കെടുക്കുക.
















