കൊല്ലം ചെറുമൂട് സ്വദേശി രാജു എഡ്വേഡിനെ (56) കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭാര്യ ലേഖ മേരിയെ (48) തെളിവെടുപ്പിനെത്തിച്ചപ്പോൾ അസഭ്യവർഷവും ചീമുട്ടയേറും. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് ലേഖയുമായി കൊലപാതകം നടന്ന വീട്ടിൽ പ്രവേശിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലേഖ നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങിയത്.
ഈ മാസം മൂന്നിനാണ് രാജു എഡ്വേഡ് മരണപ്പെട്ടത്. സ്വത്തുതർക്കത്തെത്തുടർന്നു ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറയുന്നു. 3ന് പുലർച്ചെ ലേഖയും വീടിനടുത്തു താമസിക്കുന്ന ഭർതൃസഹോദരൻ ബൈജുവും ചേർന്നു രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞുവീണെന്നാണു ലേഖ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ രാജുവിന്റെ കഴുത്തിൽ പാട് കണ്ടതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചു.
കഴുത്തിൽ ശക്തിയായി അമർത്തിയതാണു മരണകാരണമെന്നും കുഴഞ്ഞുവീണതിന്റെ സൂചനകൾ ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചതോടെ ലേഖയെ കസ്റ്റഡിയിലെടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. വീട്ടിൽ രാജുവും ലേഖയും മാത്രമായിരുന്നു താമസം. ഏക മകൾ ബന്ധുവീട്ടിൽ നിന്നു പഠിക്കുകയാണ്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. രാജുവിന് അടുത്തിടെ ലഭിച്ച കുടുംബ സ്വത്ത് തന്റെ പേരിലേക്കു മാറ്റണമെന്നു ലേഖ ആവശ്യപ്പെട്ടതിനെച്ചൊല്ലിയും തർക്കമുണ്ടായി. സംഭവദിവസം പുലർച്ചെ 5നു വഴക്കിനെത്തുടർന്നു രാജു ലേഖയെ മർദിച്ചതായും പറയുന്നു. തുടർന്നായിരുന്നു കൊലപാതകം.















