ഗുജറാത്ത്: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഗാന്ധിനഗറിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസായ ശ്രീകമലത്തിൽ നടനാണ് ചടങ്ങിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കും, ദ്വാരകയിൽ ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ നിർമിക്കും,പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം എന്നിവയും പ്രകടന പത്രികയിലുണ്ട്.
സിവിൽകോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ നിർദേശങ്ങൾ മുഴുവൻ നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ദ്വാരകയിൽ വികസനം കൊണ്ടുവരുമെന്നും തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകളെ നിയന്ത്രിക്കാൻ ആന്‍റി റാഡിക്കലൈസേഷൻ സെൽ രൂപീകരിക്കുമെന്നും പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സൗജന്യമായി സ്കൂട്ടർ, പ്രായമായ സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര, 20000 സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കും. ഇതിനായി 10000 കോടി ചെലവാക്കും. തൊഴിലാളികൾക്ക് രണ്ടുലക്ഷം രൂപ പലിശരഹിത വായ്പ നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു.
















