സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ സ്റ്റേയില്ല. പുനഃസംഘടനയ്ക്ക് എതിരെ മുൻ ചെയർമാൻ കെ എസ് ഹംസയാണ് സ്റ്റേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. കെ എസ് ഹംസയുടെ ഹർജി ഡിവിഷൻ ബെഞ്ചിന് കൈമാറി. നിലവിൽ ഹർജിയിൽ ഇടപെടേണ്ടതില്ലെന്നാണ് കോടതി നിലപാട്.
കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പൂർണമായും പിരിച്ചു വിട്ടാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. കുറുക്കോളി മൊയ്തീൻ എംഎൽഎ, മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത് ഇസ്ലാമി, കെ.എൻ.എം തുടങ്ങിയ സംഘടനകൾക്ക് പ്രാതിനിധ്യം നൽകിയാണ് പുനഃസംഘടന. എന്നാൽ, അമുസ്ലിങ്ങളുടെ ഒഴിവ് നികത്തിയിട്ടില്ല.
അച്ചടക്ക ലംഘനത്തിന് സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട എം.പി മുസ്തഫൽ ഫൈസിയും ബോർഡിൽ ഉൾപ്പെട്ടു. അതേസമയം, വഖഫ് ബോർഡിൽ ഇ.കെ, എ.പി വിഭാഗം സമസ്തകൾക്ക് പ്രതിനിധികൾ ഇല്ലാത്തത് അനീതിയും അന്യായയവുമെന്ന ഫേസ്ബുക് കുറിപ്പുമായി എസ്വൈഎസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരം രംഗത്ത് എത്തി. മായിൻ ഹാജി സമസ്തക്കാരൻ ആണെന്ന് ബോർഡിൽ നിന്ന് പുറത്തായ ഉമർ ഫൈസി മുക്കം പ്രതികരിച്ചു. എല്ലാ വിഭാഗങ്ങളുമായി ചർച്ച ചെയ്താണ് ബോർഡ് പുനഃസംഘടിപ്പിച്ചത് എന്ന് മന്ത്രി എൻ.ഷംസുദീൻ പ്രതികരിച്ചു.
നിലവിലുണ്ടായിരുന്ന വഖഫ് ബോർഡിന് കാലാവധി ബാക്കിയുണ്ടായിരുന്നത് ഭരണതലത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ, വഖഫ് ബോർഡിൽ അമുസ്ലിംങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നൽകിയ ഹർജി പരിഗണിക്കവെ, ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.















