കൊച്ചി: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. മാദ്ധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യാകുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുമെന്നു കോടതി അറിയിച്ചു. കേസ് പരിഗണിച്ച കോടതി രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.
അതേസമയം , നരഹത്യാകുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. നേരത്തെ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലായിരുന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. കേസ് വെറും വാഹനാപകടമായി പരിഗണിച്ച് മുന്നോട്ട് പോകാനാകില്ലെന്നും ശ്രീറാം ആദ്യ ഘട്ടത്തില്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍, വഹ ഫിറോസ് എന്നിവര്‍ എതിര്‍കക്ഷികളായാണ് നടപടി മുന്നോട്ട് പോകുന്നത്. ഇരുവര്‍ക്കും കോടതി നോട്ടീസ് അയക്കും. വരും ദിവസങ്ങളില്‍ ഇരുവര്‍ക്കും അവരുടെ ഭാഗം കേള്‍ക്കും.
















