വിൻഡോസ് 11 ഡിവൈസുകളിൽ ഡൗൺലോഡ് ചെയ്യാവുന്ന ഡെസ്ക്ടോപ്പ് ആപ്പിൽ കോളിംഗ് ഫീച്ചർ പരീക്ഷിച്ച് വാട്ട്സ്ആപ്പ്. മൈക്രോസോഫ്റ്റ് സ്റ്റോറിൽ വിൻഡോസ് 2.2246.4.0 അപ്ഡേറ്റിനായി വാട്ട്സ്ആപ്പ് ഇതിനകം തന്നെ ബീറ്റ വേർഷൻ പുറത്തിറക്കിയിട്ടുണ്ട്. ജോലി സംബന്ധമായ കാര്യങ്ങൾക്ക് അടക്കം വാട്ട്സ്ആപ്പ് കോളുകൾ ഉപയോഗിക്കുന്ന നിലയിലേക്ക് മാറാൻ പുതിയ അപ്ഡേറ്റിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ഡെസ്ക്ടോപ്പ് ആപ്പിന്റെ സൈഡ്ബാറിലെ ചാറ്റുകൾക്കും സ്റ്റാറ്റസ് സെക്ഷനും ഇടയിലായി കോളിംഗ് ഐക്കൺ ലഭിക്കും. വിൻഡോസ് 11നുള്ള വാട്ട്സ്ആപ്പിലെ പുതിയ കോൾസ് ടാബ് മൊബൈൽ ആപ്പുമായി സിങ്ക് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഫോണിൽ വിളിച്ച കോളുകളുടെ വിവരങ്ങളും കമ്പ്യൂട്ടറിൽ കാണാൻ സാധിക്കും.
ഇതിലൂടെ നേരത്തെ ഫോണിലെ വാട്ട്സ്ആപ്പിലൂടെ വിളിച്ച കോൺടാക്റ്റിലേക്ക് വീണ്ടും പിസിയിൽ നിന്നും വിളിക്കാൻ എളുപ്പമായിരിക്കും. ഒരു സെർച്ച് ബാറും കോൾസ് വിഭാഗത്തിൽ നൽകുന്നുണ്ട്. ഇതിലൂടെ കോൺടാക്റ്റുകൾ സെർച്ച് ചെയ്ത് കോളുകൾ വിളിക്കാൻ സഹായിക്കും.