ബഹിരാകാശ ഗവേഷണ സംരംഭമായ സ്കൈറൂട്ട് എയ്റോ സ്പേസ് നിർമ്മിച്ച വിക്രം എസിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണമാണിത്
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പ് ആണ് സ്കൈറൂട്ട് എയ്റോസ്പേസ്. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ ദൗത്യത്തിന് പ്രാരംഭ് എന്നാണ് പേര് ഇട്ടിരിക്കുന്നത്. വെറും അഞ്ച് മിനിറ്റ് നേരം മാത്രമാണ് വിക്ഷേപണം. വിക്രം-എസ് ദൗത്യം മൂന്ന് ഉപഗ്രങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 120 കിലോമീറ്റർ ഉയരത്തിൽ വിക്ഷേപിക്കും. സ്പേസ് കിഡ്സ് ഇന്ത്യ, ബസൂംക് അർമേനിയ, എൻ-സ്പേസ് ടെക് ഇന്ത്യ എന്നിവ വികസിപ്പിച്ചെടുത്ത മൂന്ന് പേലോഡുകളാണ് പേടകം വഹിക്കുന്നത്.
ചെന്നൈ ആസ്ഥാനമായുള്ള എയ്റോസ്പേസ് സ്റ്റാർട്ടപ്പായ സ്പേസ്കിഡ്സിന്റെ നേതൃത്വത്തിൽ ഇന്ത്യ, യുഎസ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇത് വികസിപ്പിച്ചത്. 2.5 കിലോഗ്രാം പേലോഡ് ഉള്പ്പെടെ മൂന്ന് പേലോഡുകളുമായിട്ടാകും വിക്രം എസ് വിക്ഷേപിച്ചത്.
സ്കൈറൂട്ട് എയ്റോ സ്പേസിന്റെ വിക്രം എസ് റോക്കറ്റ് വിക്ഷേപണം വിജയകരമായതിന് പിന്നാലെ പ്രശംസിച്ച് പ്രധാനമന്ത്രി എത്തി. ഇന്ത്യയുടെ ചരിത്ര നിമിഷമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.