കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ പ്രിയ വര്‍ഗീസിന്‍റെ യോഗ്യത പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം നിരന്തരം പറഞ്ഞത് ഹൈക്കോടതി ശരിവച്ചുവെന്ന് വി ഡി സതീശൻ പറഞ്ഞു.
മാന്യതയുണ്ടെങ്കിൽ പിൻവാതിൽ നിയമനം ലഭിച്ച എല്ലാവരും രാജിവെച്ച് പോകണമെന്നാണ് അഭ്യർത്ഥന. കെ.കെ രാഗേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഈ നിയമനങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും വിഡി സതീശൻ പറഞ്ഞു.
അധികാരത്തിൽ വന്ന ശേഷം ആഭ്യന്തരമടക്കമുള്ള വകുപ്പുകൾ പാർട്ടിക്കാർക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധങ്ങളും ഇതിന്റെ ചുവടുപിടിച്ചാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറാക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയാണ് ഇന്ന് ഉണ്ടായത്. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയ കോടതി തീരുമാനം പുനഃപരിശോധിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ കണ്ണൂര്‍ സർവ്വകലാശയ്ക്ക് നിർദ്ദേശം നൽകി. മതിയായ യോഗ്യതയുണ്ടെന്ന പ്രിയ വർഗീസിന്‍റെയും യൂണിവേഴ്സ്റ്റിയുടെയും വാദങ്ങൾ കോടതി പൂർണ്ണമായി തള്ളി.
















