ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ മെട്രോ സ്‌റ്റേഷനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിർത്ത് ഇറാനിയന്‍ സുരക്ഷാ സേന. ടെഹ്‌റാനിലെ മെട്രോ സ്‌റ്റേഷനിലാണ് പ്രക്ഷോഭകര്‍ ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചത്. അതിനിടെയാണ് വെടിവയ്പ്പു നടന്നത്. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ പ്രതിഷേധക്കാര്‍ക്കും സുരക്ഷാ സേനയ്ക്കുമെതിരെയാണ് ആക്രമണമുണ്ടായത്. വെടിവയ്പ്പിന് പിന്നാലെ ജനങ്ങള്‍ സ്റ്റേഷനില്‍ നിന്നു കൂട്ടത്തോടെ ഓടുന്നതിന്റേയും മറ്റും വീഡിയോ പുറത്തു വന്നിട്ടുണ്ട്. സുരക്ഷാ സേനാ അംഗങ്ങള്‍ ട്രെയിനിനകത്തു കയറി ബാറ്റണ്‍ കൊണ്ട് സ്ത്രീകളെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും വിഡിയോയിൽ വ്യക്തമാണ്.
അതിനിടെ പ്രതിഷേധക്കാര്‍ക്കു നേരെ ഭീകരരുടെ വെടിവയ്പ്പുമുണ്ടായി. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 22കാരിയായ മഹ്‌സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധ സമരങ്ങളില്‍ രണ്ട് മാസത്തിനുള്ളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
















